മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, വയനാട് ജില്ലയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ രാഷ്ട്രീയ ചൂട് ഉയരുന്നു. 2008-ൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ നിലവിൽ വന്ന മാനന്തവാടിയിൽ ഇക്കുറി എങ്ങനെയെങ്കിലും അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. എന്നാൽ, മന്ത്രിസ്ഥാനത്തിന്റെ കരുത്തുമായി മണ്ഡലത്തിൽ വേരോട്ടമുള്ള ഒ.ആർ. കേളുവിനെ മറിച്ചിടുക എന്നത് യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ്.
യു.ഡി.എഫിൽ ‘സീറ്റ്’ മോഹികളുടെ പട
കഴിഞ്ഞ രണ്ട് തവണയും കൈവിട്ടുപോയ മണ്ഡലം ഇക്കുറി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫിൽ സ്ഥാനാർത്ഥി മോഹികളുടെ നീണ്ട നിര തന്നെയുണ്ട്.
വയനാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. പ്രാദേശിക വോട്ടുകൾ സമാഹരിക്കാൻ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ചില പ്രമുഖ നേതാക്കളും മാനന്തവാടിയിൽ കണ്ണുവെക്കുന്നുണ്ട്. സുരക്ഷിത മണ്ഡലമെന്ന നിലയിൽ മാനന്തവാടിയെ കാണുന്ന ഇവർ സംസ്ഥാന നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേരും ചർച്ചകളിൽ സജീവമാണ്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള വ്യക്തിപരമായ ബന്ധം തനിക്ക് തുണയാകുമെന്ന് അവർ കരുതുന്നു.
കണക്കുകളിലെ മാനന്തവാടി
2008-ൽ രൂപീകൃതമായ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരേപോലെ സ്വാധീനമുള്ള മണ്ണാണിതെന്ന് കാണാം.
2016-ൽ നേരിയ ഭൂരിപക്ഷത്തിന് (1,307 വോട്ട്) വിജയിച്ച ഒ.ആർ. കേളു, 2021-ൽ അത് ഒമ്പതിനായിരത്തിന് മുകളിലേക്ക് ഉയർത്തി തന്റെ ജനകീയത തെളിയിച്ചു. നിലവിൽ സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിൽ കേളുവിന് മണ്ഡലത്തിലുള്ള സ്വാധീനം യു.ഡി.എഫിന് വലിയ തലവേദനയാണ്.
വെല്ലുവിളികളും സാധ്യതകളും
വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ ഉൾപ്പെടെയുള്ള വികസന മുരടിപ്പുകൾ ചർച്ചയാക്കി വോട്ടുറപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. എന്നാൽ, മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം നിയമസഭയിലും ആവർത്തിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. നിലവിൽ മണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്ത് ഒഴികെ മറ്റെല്ലാ പഞ്ചായത്തും മാനന്തവാടി നഗരസഭയും യു ഡി എഫാണ് ഭരിക്കുന്നത് കൂടാതെ മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും യു ഡി എഫ് ഭരണത്തിലാണ്.
ആരാവും യു ഡി എഫ് സ്ഥാനാർത്ഥിവാവുക എന്ന് അറിയാൻ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ നിർണ്ണായകമാകും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ ഒഴിവാക്കി ഐക്യത്തോടെ നീങ്ങിയാൽ മാത്രമേ യു.ഡി.എഫിന് മാനന്തവാടി തിരിച്ചുപിടിക്കാനാകൂ.

