സീപോർട്ട് എയർപോർട്ട് ലിങ്ക് റോഡിൽ വിള്ളൽ; ലൈറ്റ് മോട്ടോർ വാഹനങ്ങളും സ്വകാര്യ ബസ്സുകളും മാത്രം കടത്തിവിടും; ചരക്കുവാഹനങ്ങൾക്ക് ഒന്നരമാസം നിയന്ത്രണം.

കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡ് -പടമുകൾ ലിങ്ക് റോഡിൽ ഒന്നരമാസം നീളുന്ന ഗതാഗത നിന്ത്രണം നടപ്പാക്കിത്തുടങ്ങി. ഈ കാലയളവിൽ ചരക്ക് വാഹനങ്ങൾക്ക് ഈ പാതയിലേക്ക് കയറാൻ അനുമതിയില്ല. ലൈറ്റ് മോട്ടോർ വാഹനങ്ങളും സ്വകാര്യ ബസ്സുകളും മാത്രം കടത്തിവിടും. ലിങ്ക് റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് ഈ നിയന്ത്രണം.

റോഡ് വീതികൂട്ടി ബലപ്പെടുത്തുന്ന ജോലികളാണ് ഇവിടെ നടത്തേണ്ടത്. നിലവിൽ റോഡിൽ മെട്രോയുടെ ജോലികളും നടക്കുന്നുണ്ട്. മെട്രോയ്ക്ക് വേണ്ടി നാല് തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ റോഡ് വീതി കൂട്ടി ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങും. നേരത്തേ തന്നെ റോഡിൽ വിള്ളൽ വന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഈ വിള്ളൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ വികസിച്ചു.മഴ പെയ്തപ്പോൾ റോഡിന് താഴെയുള്ള മണ്ണ് താഴേക്ക് ഇരുന്നതാണ് കാരണമെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

സീപോർട്ട് എയർപോർട്ട് റോഡിൽ നിന്ന് പടമുകളിലേക്കുള്ള ലിങ്ക് റോഡ് നിർമിച്ചത് ചതുപ്പുനിലം മണ്ണിട്ട് നികത്തിയാണ്. ഇതാകാം മണ്ണ് ഇരിക്കാൻ കാരണമായതെന്നാണ് പ്രാഥമിക അനുമാനം.

വളരെ തിരക്കേറിയ റോഡാണ് സീപോർട്ട് എയർപോർട്ട്. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ നിന്നുള്ള ടാങ്കർ ലോറികൾ കാര്യമായി ആശ്രയിക്കുന്ന പാത കൂടിയാണിത്. ഇവിടെ വിള്ളലുണ്ടായത് ആശങ്കപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയോടെ വിള്ളൽ ശക്തമായതോടെ അധികൃതർ ഇടപെടുകയായിരുന്നു. പാചകവാതക ബുള്ളറ്റ് ടാങ്കറുകൾ അടക്കം ദിവസവും അഞ്ഞൂറോളം കണ്ടെയ്നർ ലോറികൾ ഇതുവഴി കടന്നുപോകുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *