‘സ്ട്രോങ്ങായി ഒരു ചായ’ കാൽനൂറ്റാണ്ട് പൊലീസിനെ വെട്ടിച്ചു; ഒടുവിൽ കുടുങ്ങിയത് വേഷം മാറി ചായ കുടിക്കാനെത്തിയ പൊലീസിന് മുന്നിൽ.

കണ്ണൂർ: പൊലീസിന്റെ കണ്ണുവെട്ടിച്ച് കാൽനൂറ്റാണ്ടോളം നീണ്ട ഒളിവുജീവിതം നയിച്ച കൊലക്കേസ് പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ തലശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി.എച്ച്. അഷ്‌റഫാണ് (58) ഒടുവിൽ കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.

വേഷം മാറ്റി, പുതിയ ജീവിതം

കൊലപാതകത്തിന് ശേഷം കതിരൂരിൽ നിന്ന് മുങ്ങിയ അഷ്‌റഫ് ആദ്യത്തെ 10 വർഷം മൈസൂരു, ബംഗളൂരു, മുംബൈ തുടങ്ങിയ വിവിധ നഗരങ്ങളിൽ പേരും വിലാസവും മാറി ഹോട്ടലുകളിൽ പാചകക്കാരനായി ജോലി ചെയ്തു. പിന്നീട് പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി തട്ടടകൾ നടത്തിവരികയായിരുന്നു. നാട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു സംശയവുമില്ലാത്തവിധം പുതിയ മേൽവിലാസത്തിലും കുടുംബത്തോടൊപ്പവും ജീവിക്കുകയായിരുന്നു ഇയാൾ. പഴയ രൂപത്തിലും ഭാവത്തിലും വരുത്തിയ മാറ്റങ്ങളും പൊലീസിന് അന്വേഷണത്തിൽ വലിയ വെല്ലുവിളിയായിരുന്നു.

പഴുതടച്ച നീക്കം, ഒടുവിൽ പിടിയിൽ

വർഷങ്ങളായി തുമ്പൊന്നും ലഭിക്കാതിരുന്ന കേസ്, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം വീണ്ടും സജീവമാക്കിയത്. പഴയ സൗഹൃദങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്ന നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു.

തുടർന്ന്, ആഴ്ചകളോളം പയ്യന്നൂരിലെയും പരിസരങ്ങളിലെയും തട്ടടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് ബുധനാഴ്ച പുലർച്ചെ ആറുമണിയോടെ കുറുമാത്തൂർ നിടുമുണ്ടയിലെ താമസസ്ഥലത്ത് വെച്ച് പൊലീസ് ഇയാളെ അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്. രാവിലെ തട്ടടയിൽ ചായ കുടിക്കാൻ ഓർഡർ ചെയ്ത് നിൽക്കവെയാണ് ഈ കുറ്റവാളി പൊലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *