കർണാടക വനത്തിൽ 3 പേരെ വെടിവെച്ചു കൊന്നു, വേട്ടക്കാരെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ; നിഷേധിച്ച് കുടുംബം. ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത് നാട്ടുകാർ.

ചാമ്‌രാജ്നഗർ (കർണാടക): കേരള-കർണാടകയിലെ അതിർത്തി ജില്ലയായ ചാമരാനഗറിൽ കാവേരി വൈൽഡ് ലൈഫ് സാങ്ച്വറിയിലെ വനമേഖലയിൽ വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചാമരാനഗർ ജില്ലയിലെ ഹാനൂർ റേഞ്ചിന് കീഴിലുള്ള ഷാഗ്യ വനമേഖലയിൽ (കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി) വനപാലകരും സംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തോമിയാർപാളയം സ്വദേശികളായ ആന്റണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെല്ലാം ഹാനൂർ താലൂക്കിലെ തോമിയാർപാളയം സ്വദേശികളാണ്.

മൃഗവേട്ടയ്ക്കായി വനത്തിനുള്ളിൽ അതിക്രമിച്ചുകയറി മാംസം വേർതിരിക്കുന്നതിനിടയിൽ വനപാലകരുടെ സംഘം ഇവരെ കണ്ടെത്തുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വനപാലകരെ നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. ഇതിന് ആത്മരക്ഷാർത്ഥം വനപാലകർ തിരിച്ചു വെടിവച്ചപ്പോഴാണ് മൂവരും കൊല്ലപ്പെട്ടത് എന്നാണ് കർണാടക വനവകുപ്പ് അറിയിക്കുന്നത്.

എന്നാൽ കൊല്ലപ്പെട്ടവർ വേട്ടക്കാരായിരുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ ഉടലെടുക്കുകയും, മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഷാഗ്യയിലെ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.

മൃതദേഹങ്ങൾ മൈസൂരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ കർണാടക സർക്കാർ മജിസ്ട്രേീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *