മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ പോരെ- ഇടതുപക്ഷ വാദത്തെ വിമർശിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്.

തൃശ്ശൂർ: മതമല്ല വിശപ്പാണ് പ്രശ്‌നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ കേരളത്തിന്റെ എല്ലാ പ്രശ്‌നവും തീരില്ലേയെന്ന് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. മതമല്ല വിശപ്പാണ് പ്രധാനമെന്നുള്ള ഇടതുപക്ഷ വാദത്തെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം.

‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാൻ കൊടുത്താ മതിയോ… ഇവരെന്നാ ഈ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. മതമല്ല വിശപ്പാണത്രേ പ്രശ്‌നം. എന്നാൽ പിന്നെ എല്ലാവർക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്‌നം തീർക്കാൻ പറ്റുമോ. ഇത് അന്തസിനെക്കുറിച്ചുള്ള ചോദ്യമാണ്.

കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്. കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാം. ഇത് ഞാൻ പറയുന്നത് ചരിത്രത്തെ ബോധ്യമുള്ളതുകൊണ്ടാണ്. ഡോ. ബി.ആർ. അംബേദ്ക്കറെ കോണസ്റ്റിറ്റുവന്റ് അസംബ്ലിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ ആ അസംബ്ലിയിലേക്ക് ആനയിക്കാൻ തീരുമാനിച്ചത് അന്ന് ജിന്ന നേതൃത്വം കൊടുത്ത മുസ്‌ലിം ലീഗാണ്. മുസ്‌ലിം ലീഗ് സഹായിച്ചുവെന്നത് ശരിയാണ്, പക്ഷേ ജിന്നയുടെ ഒരു വാക്കുണ്ട്. അത് ഇന്ത്യയിലെ ദലിതരുടെ ചരിത്രവും അവകാശരാഹിത്യവും അവരുടെ ശേഷിയെക്കുറിച്ചും പഠിക്കുന്ന ആളെന്ന നിലയിൽ ഞാനത് മറക്കില്ല. ഡോ. അംബ്ദേക്കറെ പോലെ പ്രതിഭാശാലിയായ മനുഷ്യന്റെ സേവനം ഇന്ത്യക്ക് നഷ്ടപ്പെട്ടുകൂടാ എന്നാണ് ജിന്ന പറഞ്ഞത്. അത് പറയാൻ ജിന്നയെ ഉണ്ടായിരുന്നുള്ളൂവെന്ന് തിരിച്ചറിയാനുള്ള ബോധം കേരളത്തിലെയും ഇന്ത്യയിലെയും ദലിതർക്കുണ്ട്.’ സണ്ണി കപിക്കാട് പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *