മദീനയിലെ മസ്ജിദുന്നബവിയിൽ കഴിഞ്ഞ 37 വർഷമായി ഇമാമിന് പിന്നിലെ ആദ്യ സ്വഫിൽ നമസ്കാരം നിർവഹിക്കുന്ന അഫ്ഗാൻ പൗരൻ മുഹമ്മദ് അബ്ദുൽ കരീമിന്റെ ജീവിതകഥ ശ്രദ്ധേയമാകുന്നു.
പ്രവാചകന്റെ (സ) പള്ളിയിലെ ഇമാമിന് തൊട്ടുപിന്നിൽ ഒരു നമസ്കാരം പോലും മുടക്കാതെ ഭക്തിയുടെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് ഒരു അഫ്ഗാൻ പൗരൻ. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി സൗദി ടിവി ചാനലുകളിൽ, ഇമാമിന് തൊട്ടുപിന്നിലെ ഒന്നാം സ്വഫിൽ വലതുഭാഗത്തായി ഒരേ കറുത്ത തലപ്പാവ് ധരിച്ച് ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്.
അല്ലാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകർക്ക് (സ) സലാം ചൊല്ലാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല. അതിനാൽ തന്നെ സൗദി അറേബ്യയിലെ മദീനയിൽ ഹാജി മുഹമ്മദ് ഇന്ന് ഏറെ ജനപ്രിയനാണ്.
എല്ലാ നമസ്കാരങ്ങളും പള്ളിയിലെ ഒരേ സ്ഥലത്തുതന്നെ വന്ന് കൃത്യമായി നിർവഹിക്കുന്നതിലെ അദ്ദേഹത്തിന്റെ നിഷ്ഠ കണ്ട് ആകൃഷ്ടരായ വിദേശത്തുനിന്നുള്ള നിരവധി തീർത്ഥാടകരുമായി ഹാജി മുഹമ്മദ് സൗഹൃദത്തിലായിട്ടുണ്ട്. ഓരോ വർഷവും മദീന സന്ദർശിക്കുമ്പോൾ ഒരേ കറുത്ത തലപ്പാവ് ധരിച്ച് അതേ സ്ഥലത്തുതന്നെ നിൽക്കുന്ന അദ്ദേഹത്തെ അവരിൽ പലരും കണ്ടിട്ടുമുണ്ട്.
19-ാം വയസ്സിൽ പ്ലംബർ ജോലിക്കായി സൗദിയിലെത്തിയ മുഹമ്മദ് അബ്ദുൽ കരീം ഇതിനകം 45,000ത്തിലധികം ഫർള് നമസ്കാരങ്ങൾ ആദ്യ സ്വഫിൽ നിന്ന് നിർവഹിച്ചതായാണ് റിപ്പോർട്ട്.
റമദാനിൽ ജോലിയിൽ നിന്ന് അവധിയെടുത്ത് മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികൾക്ക് സേവനം ചെയ്യുന്നതും അദ്ദേഹത്തിന്റെ പതിവാണ്. നോമ്പുതുറയ്ക്കുള്ള ഇഫ്താർ സൗകര്യങ്ങൾ ഒരുക്കുന്നതിനും പള്ളിയിലെ ഖുർആൻ പകർപ്പുകൾ ക്രമീകരിക്കുന്നതിനും അദ്ദേഹം സമയം ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സൗദിയിലെ പ്രവാസജീവിതത്തിലൂടെ ലഭിച്ച അവസരങ്ങൾ ആത്മീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മുഹമ്മദ് അബ്ദുൽ കരീം നേരത്തെയും അറബ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

