കൽപ്പറ്റ: വയനാട് കലക്ടറേറ്റിനു മുൻപിൽ ഭൂ വിഷയവുമായി ബന്ധപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന അനിശ്ചിതകാല സമരത്തിന് പരിഹാരമാവാൻ വഴിതെളിയുന്നു. നാളെ ( ശനിയാഴ്ച)
ജില്ലയിൽ എത്തുന്ന വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കാഞ്ഞിരത്തിനാൽ കുടുംബവുമായി ചർച്ച നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി .സിദ്ധീഖ് അറിയിച്ചു. രാവിലെ 10 മണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് യോഗം. ജില്ലാ കലക്ടർ വിചെൽസാസിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന തലത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സമിതി രൂപീകരിച്ച് പ്രശ്നപരിഹാരത്തിലേക്ക് നീങ്ങാനാണ് ശ്രമമെന്ന് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.
വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്തു വാങ്ങിയ പന്ത്രണ്ടേക്കർ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെതിരെയാണ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കാഞ്ഞിരത്തിനാൽ കുടുംബം പോരാട്ടം നടത്തുന്നത്. കാഞ്ഞിരത്തിനാൽ ജോർജും സഹോദരനുമായിരുന്നു ഭൂമിക്ക് അവകാശികൾ.
നിയമ പോരാട്ടങ്ങൾക്കും സമരങ്ങൾക്കുമിടെ ജോർജും ഭാര്യയും മരിച്ചു. തുടർന്ന് കുടുംബം വീണ്ടും സമരം ആരംഭിച്ചു. വയനാട് കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിത കാല സമരം 4055 ദിവസം പിന്നിട്ടു. ഇതിനിടെയാണ് പുതിയ യതായി അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയത്. ഇതിൻറെ ഭാഗമായി കൃഷിവകുപ്പ് മന്ത്രിയും കൽപ്പറ്റ എം എൽ എയുമായ അഡ്വക്കേറ്റ് ടി സിദ്ദീഖ് കാഞ്ഞിരത്തിനാൽ കുടുംബത്തിൻ്റെ സമരപ്പന്തൽ കഴിഞ്ഞമാസം സന്ദർശിച്ചിരുന്നു.
വയനാട്ടിലെത്തിയ വനം വകുപ്പ് മന്ത്രിയും പ്രശ്നത്തിൽ ഇടപെടുമെന്ന് അറിയിച്ചിരുന്നു. നാളെ വീണ്ടും വയനാട്ടിൽ എത്തുന്ന വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കാഞ്ഞിരത്തിനാൽ ജെയിംസുമായി ചർച്ച നടത്തും. രാവിലെ 10 മണിക്ക് കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.
മുൻ കലക്ടർ ഡി. ആർ. മേഘശ്രീ രണ്ടുതവണ കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി സംസ്ഥാന സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

