യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന എതിർപ്പിന്റെ പശ്ചാത്തലത്തിൽ ജനരോഷം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരിലറിയപ്പെടുന്ന യുപിഐ ഫീസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാതിരിക്കാനുള്ള മാർഗങ്ങളാണ് തേടുന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ പേയ്‌മെന്റ് അഗ്രിഗേറ്റർമാരുമായും പ്ലാറ്റ്‌ഫോമുകളുമായും ചർച്ചകൾ നടത്തിവരികയാണ്.
അതെസമയം 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4% മർച്ചന്റ് ഫീസ് ചുമത്താനുള്ള തീരുമാനം മൂലം യുപിഐ ഇടപാടുകൾ കുറയുകയോ പണത്തിന്റെ ഉപയോഗം കൂടുകയോ ചെയ്യില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എംഡിആർ നടപ്പിലാക്കുമ്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനാൽ വ്യാപാരികൾക്ക് അധിക ജിഎസ്‌ടി ബാധ്യതയുണ്ടാകില്ല.
എംഡിആർ ഏർപ്പെടുത്തിയത് വിദേശ സമ്മർദ്ദം മൂലമാണെന്ന ആരോപണം സർക്കാർ തള്ളി. ആഭ്യന്തര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി. ഇത്തത്തിൽ ഫീസ് ഈടാക്കാൻ അവസരം നൽകുന്നതിലൂടെ കമ്പനിൾ പുതിയ ഡിജിറ്റൽ സാധ്യതകൾ കൊണ്ടുവരുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. സമാഹരിക്കുന്ന എംഡിആർ തുകയുടെ 5% ഉപയോഗിച്ച് ചെറുകിട വ്യാപാരികൾക്കിടയിൽ UPI ഉപയോഗം വ്യാപിപ്പിക്കുന്നതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കാനും സർക്കാരിന് പരിപാടിയുണ്ട്.
എംഡിആർ ഏർപ്പെടുത്തുന്നതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. വൻകിട ഫിൻടെക് കമ്പനികളെ സഹായിക്കാനാണ് സർക്കാരിന്റെ ഈ നീക്കമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒക്ടോബർ 15 മുതൽക്കാണ് ഈ മാറ്റം വരുന്നത്. കടകളിലോ ഓൺലൈൻ സൈറ്റുകളിലോ 2000 രൂപയ്ക്കു മേൽ യുപിഐ വഴി അടയ്ക്കുകയാണെങ്കിൽ ആ പണം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ പക്കൽ നിന്ന് 0.4% തുക അധികചാർജ് ബാങ്ക് ഈടാക്കും. ഈ എംഡിആർ തുക ബാങ്കുകളും പേയ്മെന്റ് സേവനദാതാക്കളും പങ്കിട്ടെടുക്കും.
അതെസമയം വ്യാപാരികളിൽ നിന്നാണ് ഈ തുക ഈടാക്കുന്നതെങ്കിലും അത് ഉപഭോക്താക്കളിലേക്ക് എത്തില്ലെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, വ്യാപാരികൾക്ക് വരുന്ന അധിക ബാധ്യത ഉൽപന്നത്തിന്റെ വിലയിൽ ഉൾപ്പെടുത്താതെ ആ നഷ്ടം അവർ സഹിക്കും എന്നത് പലരും വിശ്വസിക്കുന്നില്ല. ഈ തുക വ്യാപാരികൾ ഈടാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

