ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ത്യയടക്കം ലോകത്താകമാനം എൽ പി ജി , ക്രൂഡ് ഓയിൽ വില കുതിച്ചുയരും.
ലോകത്ത് കടൽമാർഗ്ഗം നീക്കം ചെയ്യുന്ന എണ്ണയുടെ 20% മുതൽ 30% വരെ കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. പ്രതിദിനം ഏകദേശം 2 കോടി ബാരൽ എണ്ണയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
തങ്ങളുടെ രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാൽ കടൽപാത അടയ്ക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതോടെ പല കപ്പൽ കമ്പനികളും സർവീസ് നിർത്തിവെക്കുകയോ യാത്ര വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
യുദ്ധസാഹചര്യം കണക്കിലെടുത്ത് കപ്പലുകളുടെ ഇൻഷുറൻസ് തുക (War risk premium) കുത്തനെ വർദ്ധിച്ചു. പല കമ്പനികളും ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ മടിക്കുന്നത് ചരക്ക് നീക്കത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
സൗദിക്കും യു എ ഇ ക്കും ചെങ്കടൽ വഴിയോ മറ്റ് പൈപ്പ് ലൈനുകൾ വഴിയോ ഭാഗികമായി എണ്ണ പുറത്തെത്തിക്കാൻ സാധിക്കുമെങ്കിലും പൂർണ്ണമായ തോതിൽ കയറ്റുമതി നടത്താൻ ഹോർമുസ് അനിവാര്യമാണ് .
കുവൈറ്റ്, ഖത്തർ,ബഹ്‌റൈൻ, രാജ്യങ്ങൾ എണ്ണ, ഗ്യാസ് കയറ്റുമതിക്കായി പൂർണ്ണമായും ഹോർമുസ് കടലിടുക്കിനെയാണ് ആശ്രയിക്കുന്നത്. പാത അടഞ്ഞാൽ ഇവരുടെ സാമ്പത്തിക നിലയെ അത് സാരമായി ബാധിക്കും.
ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരാൻ ഇത് കാരണമാകും. ഇത് ലോകമെമ്പാടും പണപ്പെരുപ്പത്തിന് (Inflation) വഴിവെക്കും.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ വിവിധ സൈനിക കേന്ദ്രങ്ങൾക്കും ആണവ നിലയങ്ങൾക്കും നേരെ ആക്രമണം ആരംഭിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
തിരിച്ചടിയെന്നോണം ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മേഖലയിലെ അമേരിക്കൻ ബേസുകൾക്കും സഖ്യകക്ഷികൾക്കും നേരെ ആക്രമണം നടത്തുകയാണ്. ഒപ്പം ഇറാൻ ഹോർമുസ് കടലിടുക്ക് ഒനടക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത്.

