കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ബഹ്‌റൈനിലെ ജനവാസ മേഖലയിലും മിസൈൽ വര്ഷം. ആളിക്കത്തി ഗൾഫ് മേഖല.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

To advertise here,ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്ടവും സംഭവിച്ചു. അടിയന്തര നടപടികൾ ഉടൻ ആരംഭിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

അബുദാബിക്ക്‌ പുറമെ ദുബായിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചു. മിസൈലുകൾ ആകാശത്തുവെച്ച്തന്നെ തകർത്തുവെന്ന് യുഎഇ അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ ദുബൈ ബർ ദുബയ്, ബിസിനസ് ബേ, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ പതിച്ചതായി പ്രദേശവാസികൾ അറിയിച്ചു. ആളുകൾ പരിഭ്രാന്തരായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ ദുബായിലെ പാം ജുമൈറയിൽ തീപ്പിടിത്തമുണ്ടായി. മിസൈലിന്റെ അവശിഷ്ടം വീണിട്ടാണോ തീപ്പിടിത്തമുണ്ടായതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവസ്ഥലം സുരക്ഷിതമാക്കിയെന്നും പരിക്കേറ്റ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ അബുദാബിയിലെ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് ഒരാളുടെ ജീവൻ നഷ്ടമായത്. കെട്ടിടങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു.

ബഹ്‌റെെനിലേയും ഖത്തറിലേയും ജോർദാനിലേയും യുഎസ് സൈനിക താവളത്തിന് നേരേയും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ബഹ്‌റെെനിലെ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തായിരുന്നു ആക്രമണം.ബഹ്‌റെെനിൽ ഉഗ്രസ്‌ഫോടനം നടക്കുകയും ആളുകളോട് ഷെൽട്ടറിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജോർദാനിലെ മുവഫഖ് സാൽതി സൈനിക താവളത്തിന് നേരെയായിരുന്നു ആക്രമണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed