ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ലോകത്തെ മൂന്നാം മഹായുദ്ധത്തിന്റെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അന്തരിച്ച ബൾഗേറിയൻ മിസ്റ്റിക്കായ ബാബ വംഗയുടെ പ്രവചനങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
2026-ന്റെ തുടക്കത്തിൽ കിഴക്കുനിന്നും ഒരു ‘മഹായുദ്ധം’ (Great War) ആരംഭിക്കുമെന്ന് വംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികൾ അവകാശപ്പെടുന്നു. ഇതിനെ ഏറ്റുപിടിച്ച് സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. 1996-ൽ അന്തരിച്ച ബൾഗേറിയൻ പ്രവാചകയായ വംഗ, 2026-ന്റെ തുടക്കത്തിൽ ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു വലിയ യുദ്ധം ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതായും ആ യുദ്ധത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത് എന്നു തരത്തിലുമാണ് സാമൂഹികമാധ്യമങ്ങളിലെ ചർച്ച.
പ്രവചനപ്രകാരം ഈ യുദ്ധം യൂറോപ്പിനെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും അവിടുത്തെ ഭൂമി പാഴ്‌നിലമായി മാറുമെന്നും വംഗ പ്രവചിച്ചിരുന്നു. ഈ സംഘർഷങ്ങൾക്കൊടുവിൽ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറുമെന്നും പ്രവചനത്തിലുണ്ട്. ഈ സംഘർഷം ക്രമേണ ലോകമെമ്പാടും പടരാൻ സാധ്യതയുണ്ടെന്ന് വംഗയുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
ടെഹ്റാനിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ഈ നീക്കം ആണവായുധ ഭീഷണി ഇല്ലാതാക്കാനാണ് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയത്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപമാണ് ആദ്യ ആക്രമണങ്ങൾ നടന്നത്, ഇതിനെത്തുടർന്ന് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നിലവിൽ ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ അടച്ചിരിക്കുകയാണ്, ഇത് ലോകമെമ്പാടും വലിയ ഭീതിക്ക് കാരണമായിട്ടുണ്ട്. നിലവിലെ ഈ സാഹചര്യങ്ങൾ ബാബ വംഗയുടെ പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിന്റെ സൈനിക നീക്കത്തെ ന്യായീകരിക്കുകയും ഇറാനിലെ ജനങ്ങളോട് തങ്ങളുടെ ഗവൺമെന്റിനെ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് മറുപടിയായി ഇറാൻ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ (Operation ‘True Promise 4’) ആരംഭിച്ചു.
യുഎസ് നാവികസേനയുടെ കപ്പലുകൾക്കും സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി റിയാദ്, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. വംഗയുടെ പ്രവചനങ്ങൾ പോലെ ഇതൊരു വലിയ ആഗോള ദുരന്തത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകം.

