ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്തിന് പിടിച്ചാല്‍ കെഎസ്‌യുക്കാരന്റെ വീടിന് നേരെയല്ല ബോംബെറിയേണ്ടത്-ഷാഫി പറമ്പില്‍

വടകര: മന്ത്രിയുടെ ഗൺമാൻ മന്ത്രിയുടെ കഴുത്തിന് പിടിച്ചിട്ടുണ്ടെങ്കിൽ അതിന് കെഎസ്‌യുക്കാരന്റെ വീടിന് നേരെ ബോംബെറിയുകയല്ല വേണ്ടതെന്ന് വടകര എംപി ഷാഫി പറമ്പിൽ. ആരോഗ്യമന്ത്രിയെ അക്രമിച്ചുവെന്ന എല്ലാ വാദവും പൊളിഞ്ഞപ്പോൾ ഒരു ദൃശ്യവുമായി വന്നു. അത് പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് മന്ത്രിയുടെ അടുത്ത് എത്തുന്നത് ഗൺമാനാണ് എന്നാണ്. ഇതിന്റെ പേരിലാണ് കെഎസ്‌യുക്കാരന്റെ വീടിന് നേരെ ബോംബെറിഞ്ഞതെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ ദിവസം ബോംബേറുണ്ടായ കെഎസ്‌യു പ്രവർത്തകൻ ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‌യു നേതാവ് ബിതുൽ ബാലന് സിപിഎം അഡ്വാൻസ് ആദരാഞ്ജലി നേർന്ന ശേഷമാണ് വീടിന് നേരെ ബോംബെറിഞ്ഞത്. കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ വടകര സഖാക്കളും മറ്റ് സഖാക്കളും ഇത്തരം പ്രവർത്തനവുമായി മുന്നോട്ട് പോവുന്നത്. ജനങ്ങളുടെ കൈയും ജീവനുമൊക്കെ നഷ്ടപ്പെടുന്ന ഒരു വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധമാണോ കാരണമെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന ഒരാളുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞിട്ട് എത്രപേർക്ക് അഡ്വാൻസ് ആദരാഞ്ജലികൾ കേരളത്തിൽ പൊതുസമൂഹം നേർന്നിട്ടുണ്ട്, എത്രപേരുടെ വീടിന് നേർക്ക് ബോംബെറിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും വടകര മണ്ഡലത്തിലെ പല വീടുകൾക്ക് നേരെയും ഇതുപോലെ ബോംബേറുണ്ടായിരുന്നു. പോലീസ് എഫ്‌ഐആറിട്ടു. പക്ഷെ ഇന്നേവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെയെങ്കിലും നിയമത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടോയെന്നും ഷാഫി ചോദിച്ചു. എന്തുചെയ്താലും നടപടിയെടുക്കില്ലെന്ന ഉറപ്പും ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും സഹായവുമാണ് വീണ്ടും വീണ്ടും ബോംബെറിയാനും ആളുകളെ ഭീഷണിപ്പെടുത്താനും സിപിഎം ക്രിമിനലുകളെ പ്രേരിപ്പിക്കുന്നത്. എന്താണ് ഈ പ്രദേശത്തെ പോലീസിന്റെ പണി. സിപിഎം നടത്തുന്ന ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോഷക സംഘടനയാണോ കേരളത്തിലെ പോലീസെന്നും ഷാഫി ചോദിച്ചു.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സിഐടിയും എന്നൊക്കെ പറയുന്നപോലെയാണോ ഈ മേഖലയിലെ പോലീസെന്നും ഷാഫി ചോദിച്ചു.

ബിതുൽ എന്ന കെ.എസ്.യു നേതാവ് ഇതിന് മുമ്പ് നേരിടേണ്ടി വന്ന അതിക്രമങ്ങളിലും പോലീസ് എഫ്ഐആറിട്ടിരുന്നു. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു എഫ്‌ഐആറിൽ പറഞ്ഞത്. എന്നിട്ട് ഒരാളെയെങ്കിലും അറസ്റ്റ് ചെയ്‌തോ. ഇല്ലാത്ത അക്രമത്തിന്റെ പേരിലായിരുന്നു ഇതുവരെ കാണിച്ച് കൂട്ടിയതെല്ലാം. ശരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനെതിരെയാണ് കലാപാഹ്വാനത്തിന് കേസെടുക്കേണ്ടതെന്നും ഷാഫി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed