‘Economically Illiterate’ ഡൽഹി മദ്യനയ കേസ്: സിബിഐ അന്വേഷണത്തെ ‘സാമ്പത്തിക നിരക്ഷരമെന്ന്’ വിളിച്ച് കോടതി

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി കോടതി. കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെള്ളിയാഴ്ച കുറ്റവിമുക്തരാക്കി. സിബിഐയുടെ അന്വേഷണം അപൂർണവും മുൻവിധികൾ നിറഞ്ഞതുമാണെന്നും റോസ് അവന്യൂ കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളില്ലാതെ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റപത്രം തയ്യാറാക്കിയതെന്ന് പറഞ്ഞ കോടതി, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കെതിരെ വകുപ്പുതല നടപടികൾക്കും ശുപാർശ നൽകിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധമായ അന്വേഷണ രീതികളാണ് സിബിഐ നടത്തിയതെന്നാണ് കോടതി വിമർശിച്ചത്. 

സിബിഐയുടെ വാദങ്ങൾ സാമ്പത്തികമായും നിയമപരമായും നിലനിൽക്കാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ മുന്നോട്ടുവെച്ച ഗൂഢാലോചന സിദ്ധാന്തത്തെ പൊളിച്ചടുക്കിയ കോടതി, കേസിന്റെ അടിസ്ഥാനത്തെത്തന്നെ ചോദ്യം ചെയ്തു.

മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള 23 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവിൽ, പ്രോസിക്യൂഷന്റെ വിവരണം തെളിവുകൾക്ക് പകരം ഊഹാപോഹങ്ങളെയും നിയമപരമായി നിലനിൽക്കാത്ത അനുമാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി പറഞ്ഞു.

സിബിഐ അന്വേഷണത്തിനെതിരായ കോടതിയുടെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്;

നിയമപരമായി സ്വീകാര്യമായ തെളിവുകൾക്ക് പകരം ‘ഊഹാപോഹങ്ങളെയും സങ്കൽപ്പങ്ങളെയും’ അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷൻ കേസ് കെട്ടിപ്പടുത്തത്. വസ്തുതകൾ മുൻകൂട്ടി നിശ്ചയിച്ച ഒരു നിഗമനത്തെ പിന്തുണയ്ക്കാൻ വേണ്ടി ക്രമീകരിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. അനുമാനങ്ങളിലൂടെ കുറ്റകൃത്യം തെളിയിക്കാൻ സിബിഐ ശ്രമിച്ചു, ഇത് ക്രിമിനൽ നിയമത്തിൽ അനുവദനീയമല്ല.

സിബിഐയുടെ 12 ശതമാനം ഹോൾസെയിൽ മാർജിൻ സിദ്ധാന്തത്തെ ‘സാമ്പത്തിക നിരക്ഷരത’ എന്നും ‘നിയമപരമായി നിലനിൽക്കാത്തത്’ എന്നുമാണ് കോടതി വിശേഷിപ്പിച്ചുത്. അന്വേഷണം ഒരു ‘ആസൂത്രിതമായ നടപടി’ ആണെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ നയം നടപ്പിലാക്കുമ്പോൾ പൊതുപ്രവർത്തകർ അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തുന്നതെന്ന വസ്തുത അന്വേഷണ ഉദ്യോഗസ്ഥൻ പൂർണമായും അവഗണിച്ചുവെന്നും കോടതി വ്യക്തമാക്കി.

സിബിഐയുടെ രീതികൾ ക്രിമിനൽ അന്വേഷണത്തെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടാക്കിയെന്നും അന്വേഷണം നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായ കടന്നുകയറ്റമാണെന്ന് കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളിൽ സിബിഐ സ്വന്തം നിലയിൽ ഓഡിറ്റ് നടത്തി. തെളിവുകളില്ലാതെ ഒരു പൊതുപ്രവർത്തകനെ പ്രതിയാക്കിയതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും കോടതി ശുപാർശ ചെയ്തു.

‘കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം’ (proceeds of crime) ഉണ്ടെന്ന മുൻധാരണയിലാണ് അന്വേഷകർ പ്രവർത്തിച്ചത്. ക്രിമിനൽ ഉദ്ദേശ്യത്തിന്റെ തെളിവുകളില്ലാതെ സാധാരണ സാമ്പത്തിക ഇടപാടുകളെ കുറ്റകൃത്യമായി ചിത്രീകരിക്കാൻ ഏജൻസി ശ്രമിച്ചു. സംശയാസ്പദമെന്ന് വിശേഷിപ്പിച്ച നയപരമായ സവിശേഷതകൾ യഥാർത്ഥത്തിൽ വിപണിയിലെ മത്സരത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

ഈ കേസ് ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ലെന്നും അത് പൂർണമായും തള്ളിക്കളയേണ്ടതാണെന്നും കോടതി വിധിച്ചു. സിബിഐ ഉപയോഗിച്ച ‘സൗത്ത് ഗ്രൂപ്പ്’ എന്ന പദം ഏകപക്ഷീയമാണെന്നും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി.

വസ്തുതാപരമായ അടിത്തറയില്ലാത്ത ഒരു വിവരണം മാത്രമാണ് പ്രോസിക്യൂഷൻ കേസ് എന്നും കോടതി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed