വയനാട് ജില്ലയിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ജില്ലയിലെ ക്യാൻസർ ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ ഉയരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പാലിയേറ്റീവ് കെയർ സെന്ററുകളിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നുമുള്ള വിവരങ്ങൾ പ്രകാരമാണ് ജില്ലയിലെ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉള്ളതായി റിപ്പോർട്ട് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
2022 മാർച്ചിലെ കണക്ക് പ്രകാരം ജില്ലയിൽ ഏകദേശം 2,972 ക്യാൻസർ രോഗികളാണ് ഉണ്ടായിരുന്നത്.
2023 മാർച്ചിൽ ഇത് 3,972 ആയി ഉയർന്നു. അതായത് വെറും ഒരു വർഷത്തിനിടെ ആയിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023-ലെ കണക്കുകൾ പ്രകാരം രോഗം ബാധിച്ചവരിൽ 699 പേർ മരണത്തിന് കീഴടങ്ങി. 2024-2025 ലെ ജില്ലയിലെ ക്യാൻസർ രോഗികളുടെ ഓദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ഈ കായളവിലും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ഈ രംഗത്തുള്ള ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.
സ്ത്രീകളിലെ ക്യാൻസർ രോഗബാധ വർധിക്കുന്നതായാണ് മറ്റൊരു കണ്ടെത്തൽ. കേരളത്തിലുടനീളം കാണുന്നതുപോലെ വയനാട്ടിലും സ്ത്രീകളിൽ സ്തനാർബുദമാണ് (Breast Cancer) ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. തൊട്ടുപിന്നാലെ തൈറോയ്ഡ് ക്യാൻസറും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പുരുഷന്മാരിൽ ശ്വാസകോശം, വായ, ആമാശയം എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളാണ് കൂടുതലായി കാണുന്നത്. വയനാട്ടിലെ ഗോത്രവർഗക്കാർക്കിടയിൽ വായയിലെ ക്യാൻസർ (Oral Cancer) വളരെ കൂടുതലായി കാണപ്പെടുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇതിന് പ്രധാന കാരണം ചെറിയ പ്രായം മുതലുള്ള ഇവരുടെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വയനാട്ടിൽ സുൽത്താൻ ബത്തേരി, അമ്പലവയൽ, നെന്മേനി തുടങ്ങിയ നഗരപ്രദേശങ്ങളോട് ചേർന്ന ഭാഗങ്ങളിലാണ് രോഗബാധയുടെ തോത് കൂടുതലായി കാണപ്പെടുന്നത് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ മനന്താവടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലും ക്യാൻസർ രോഗികളുടെ എന്നതിൽ ക്രമാതീതമായ വർദ്ധനവുണ്ട്.
വയനാട്ടിൽ കാർഷിക മേഖലയിലെ കീടനാശിനികളുടെ അമിത ഉപയോഗം ക്യാൻസറിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2010-2012 കാലഘട്ടത്തിലെ കണക്കുകൾ പരിശോധിച്ചാൽ വയനാട്ടിൽ ക്യാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. 2004-ൽ വെറും 3 പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 18-ലധികം ആയി വർധിച്ചിട്ടുണ്ട്. ഇത് ഒരു വശത്ത് രോഗികൾക്ക് ആശ്വാസമാണെങ്കിലും, രോഗം പടരുന്നതിന്റെ തീവ്രതയാണ് കാണിക്കുന്നത്.
2024 ഒക്ടോബറിൽ മേപ്പാടിയിലെ ഉരുൾപൊട്ടൽ അതിജീവിച്ചവർക്കായി നടത്തിയ ക്യാമ്പുകളിൽ 81 പേരെ പരിശോധിച്ചതിൽ പലരിലും രോഗലക്ഷണങ്ങൾ കണ്ടെത്തി സ്ക്രീനിംഗിന് വിധേയമാക്കിയിട്ടുണ്ട്.
വയനാട്ടിലെ ക്യാൻസർ ബാധിതരുടെ വർദ്ധനവ് സംബന്ധിച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ തരത്തിലുള്ള പഠനങ്ങളും ഔദ്യോഗിക ചർച്ചകളും നടന്നു വരുന്നുണ്ട്
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തിവരുന്നുണ്ട്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മാമോഗ്രഫി മെഷീനുകളും ഓങ്കോളജി യൂണിറ്റുകളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ ക്യാൻസർ വ്യാപനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ പഠനം ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
