പയ്യന്നൂർ: സിപിഎം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ ജനങ്ങൾ തിരുത്തണം’ എന്ന പുസ്തകമാണ് പയ്യന്നൂരിൽ നടന്ന യോഗത്തിൽ വച്ച് ജോസഫ്.സി.മാത്യു പ്രകാശനം ചെയ്തത്. വി.എസ്.സനിൽ കുമാർ പുസ്തകം ഏറ്റുവാങ്ങി. യോഗത്തിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കനത്ത പൊലീസ് കാവലിലാണ് പുസ്തക പ്രകാശനം നടന്നത്. ചടങ്ങിൽ ആളുകൾ പങ്കെടുക്കാതിരിക്കാൻ ചിലർ ശ്രമിച്ചെന്നും ചടങ്ങ് മാറ്റിവച്ചെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും വി.കുഞ്ഞിക്കൃഷ്ണൻ ചടങ്ങിൽ വച്ച് ആരോപിച്ചു.
‘‘പ്രകാശന ചടങ്ങിൽ ആളുകൾ പങ്കെടുക്കാതിരിക്കാനുള്ള ശ്രമം നടന്നു. ചടങ്ങ് മാറ്റിവച്ചെന്ന് വരെ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്നാൽ നിശ്ചയിച്ച രീതിയിൽ തന്നെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കാതിരിക്കാൻ ആളുകളെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ചില ശ്രമങ്ങൾ നടന്നു. പയ്യന്നൂരിൽ സംഘർഷ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നു. രണ്ട് രാഷ്ട്രീയ പാർട്ടികളുടെ പ്രകടനം നടന്നപ്പോൾ അത് ആക്രമിക്കപ്പെട്ടു. എന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. പ്രസന്നന്റെ ബൈക്ക് കത്തിച്ചു കളഞ്ഞു. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമാക്കാൻ ചിലർ പരിശ്രമിക്കുമോയെന്ന് ആശങ്ക ഉയർന്നു. ഇതോടെയാണ് പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അത് അനുവദിച്ചു’’ – വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
‘‘ഏത് വിധത്തിലും ആളുകളെ ദ്രോഹിക്കുന്ന സമീപനമാണ് ഇപ്പോൾ നടക്കുന്നത്. ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി പറയാൻ ഇല്ലാത്തതുകൊണ്ടാണ് പ്രകോപനമുണ്ടാക്കാനും അക്രമങ്ങൾ സംഘടിപ്പിക്കാനും ചിലർ മുന്നിട്ടിറങ്ങുന്നത്. എന്നെ വ്യക്തിപരമായി നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണ്. വലിയ തോതിലുള്ള പ്രചാരവേല നടക്കുന്നു. സദസിന് മുൻപാകെ പറയാൻ പോലും പറ്റാത്ത വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള അശ്ലീലസന്ദേശങ്ങൾ അടക്കം പ്രചരിപ്പിച്ച് വ്യക്തിപരമായി തേജോവധം ചെയ്യുകയാണ്’’ –കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
പുസ്തകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശമുണ്ട്. പയ്യന്നൂരിലെ സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ സമ്മേളനത്തിൽ പിണറായി വിജയൻ നൽകിയ മറുപടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘നിരവധി വർഷത്തെ പ്രവർത്തനത്തിന്റെ ഫലമായാണ് ഒരു നേതാവ് രൂപപ്പെടുന്നത്. അതുകൊണ്ട് പ്രശ്നങ്ങളെ അവധാനതയോടെ സമീപിക്കണം’ എന്നായിരുന്നു പിണറായിയുടെ മറുപടി. ധനരാജ് ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ഓരോ തവണ അവതരിപ്പിച്ച കണക്കും എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതിക്കെതിരെയും സധൈര്യം പോരാടിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ എന്നും പുസ്തകം വിഎസിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുമ്പിൽ സമർപ്പിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ടി.ഐ. മധുസൂദനന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തിയെന്നാണ് കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വി. കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. എന്നാൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് കണക്ക് പുറത്തുവിടണമെന്ന് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. മനസ്സില്ലെന്നും കുഞ്ഞിക്കൃഷ്ണൻ അടഞ്ഞ അധ്യായമാണെന്നുമാണ് ഇതിനോട് ഗോവിന്ദൻ പ്രതികരിച്ചത്. ഗോവിന്ദൻ നയിക്കുന്ന വികസന ജാഥ പയ്യന്നൂരിൽ എത്തിയപ്പോൾ ധനരാജിന്റെ ഭാര്യയെ ഉൾപ്പെടെ പങ്കെടുപ്പിച്ചിരുന്നു.
ഇതിനിടെ പുസ്തകത്തിലെ ഉള്ളടക്കത്തിലെ ചില കാര്യങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ടി.ഐ. മധുസൂദനന്‍ എംഎൽഎ ഏരിയ സെക്രട്ടറി ആയത് മുതലാണ് പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ നീക്കം തുടങ്ങിയതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ടി.ഐ. മധുസൂദനന്‍ നടത്തി. ക്യാംപെയ്ന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറു ഗ്രൂപ്പുകള്‍ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ്, അല്ലാതെ പാര്‍ട്ടിയല്ല എന്ന ബോധം വളര്‍ത്താന്‍ ശ്രമം നടന്നു. എതിർക്കുന്നവരോട് മരണം വരെ പക വച്ചു പുലർത്തുന്ന ആളാണ് മധുസൂദനൻ. ഞാനാണ് പാർട്ടി, ഞാൻ പറയുന്നതേ നടക്കൂ എന്ന മനോഭാവമാണ്. ഇക്കാര്യങ്ങൾ പാര്‍ട്ടിക്കകത്ത് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
