കൊച്ചി: കടവന്ത്ര ഗിരിനഗർ റോഡിന് സമീപത്തുനിന്ന് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. 88.93 ഗ്രാം എം.ഡി.എം.എയുമായി എത്തിയ വയനാട് മാനന്തവാടി നെല്ലൂർനാട് കൊച്ചുപറമ്പിൽ വീട്ടിൽ ജോബിൻ ജോസഫിനെയാണ് (26) സിറ്റി പോലീസിന്റെ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തെ ഇടപാടുകാർക്ക് വിതരണം ചെയ്യാനായി എം.ഡി.എം.എയുമായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു മയക്കുമരുന്ന് വേട്ട. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു കണ്ണികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

