വിജയ്യുടെ രാഷ്ട്രീയ ഭാവി ദുരന്ത നിഴലില്‍, ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി.

ചെന്നൈ: ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും പ്രഖ്യാപിച്ച് രംഗപ്രവേശംചെയ്ത തമിഴക വെട്രി കഴക (ടിവികെ)ത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവമാണ് ശനിയാഴ്ചത്തെ കരൂർ ദുരന്തം. ഇതിനെ അതിജീവിച്ച് തിരിച്ചുവരാൻ ടിവികെക്ക്‌ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും വിജയ്‌യുടെ രാഷ്ട്രീയ ഭാവി.

കരൂർ ദുരന്തത്തിന്റെ പേരിൽ ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതയിൽ രണ്ടുഹർജികളാണ് സമർപ്പിക്കപ്പെട്ടത്. അവരുടെ ഭാവി പ്രചാരണപരിപാടികൾക്കൊന്നും അനുമതി നൽകരുതെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഒന്ന്. ശനിയാഴ്ചത്തെ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഒരാളാണ് ഹർജിക്കാരൻ. രണ്ടാമത്തേത് കുറച്ചുകൂടി കഠിനമാണ്. ടിവികെയുടെ രജിസ്‌ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് അത്.

ശനിയാഴ്ച നടന്ന ടിവികെ റാലിയിൽ സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ ധാരാളമാളുകളെ ചെറിയൊരു സ്ഥലത്ത് കുത്തിനിറച്ചെന്നും അതുകാരണം 40 പേർ മരിച്ചെന്നും അത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹൈക്കോടതി മധുര ബെഞ്ചിൽ ഒരു അഭിഭാഷകൻ നൽകിയ ഹർജിയിൽ പറയുന്നത്. കുട്ടികളെ രാഷ്ട്രീയ പരിപാടികളിൽ അണിനിരത്തിയത് ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജി സ്വീകരിക്കപ്പെട്ടാൽ അത് ടിവികെയ്ക്ക് വലിയ തിരിച്ചടിയാവും.

ആരാധക സംഘമെന്നതിൽനിന്ന് രാഷ്ട്രീയകക്ഷിയായി പരിണമിക്കാൻ ഇനിയും ടിവികെയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന വിമർശനം ശരിവെക്കുന്നതാണ് ഈ ദുരന്തവും അതിനെ ടിവികെ നേതൃത്വം നേരിട്ട രീതിയുമെന്ന് എതിരാളികൾ പറയുന്നു. രക്ഷകനായി നടിച്ച താരം ദുരന്തം നടന്നയുടൻ ഒന്നും പറയാതെ സ്ഥലംവിട്ടെന്നുള്ള ആരോപണത്തെ പ്രതിരോധിക്കാനും വിജയ്‌ക്ക്‌ നന്നേ പണിപ്പെടേണ്ടിവരും. അതെങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് ടിവികെ നേതൃത്വം. ശനിയാഴ്ചത്തെ ദുരന്തത്തിനുപിന്നിൽ ടിവികെയുടെ വളർച്ച തടയാനുള്ള ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിക്കാനാണ് പാർട്ടിയുടെ ശ്രമം. സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *