ആളിപ്പടർന്ന് ജെൻ സി വിപ്ലവം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു.

കാഠ്മണ്ഡു: നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തിനൊടുവിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശര്‍മ ഒലി രാജിവച്ചു. അഴിമതിക്കും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശര്‍മ ഒലി രാജിവച്ചത്. പ്രക്ഷോഭം കടുക്കുകയും, പാർലമെൻ്റ് മന്ദിരം, നേതാക്കളുടെ വസതികൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഓഫീസുകൾ പ്രക്ഷോഭകർ തകർക്കുകയും പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

നേപ്പാള്‍ സര്‍ക്കാരിനുനേരെ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പോലീസ് നടപടികളെത്തുടർന്ന് 19 പേര്‍ മരിച്ചിരുന്നു. 347 പേര്‍ക്ക് പരിക്കേറ്റു.

അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. തൊട്ടുപുറകെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി സോഷ്യല്‍മീഡിയ സൈറ്റുകളുടെ നിരോധനം പിന്‍വലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല.

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ, നേപ്പാളി സൈന്യം വെസതികളില്‍ നിന്ന് മന്ത്രിമാരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് നേരെ തീവെപ്പും ആക്രമണങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് ഈ നടപടി. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സൈനിക ബാരക്കുകളില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

നേപ്പാളി കോൺഗ്രസിൻ്റെ പിന്തുണയോടെ 2024 ജൂലായ് മുതൽ നാലാം തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ഒലി. തന്റെ ശക്തമായ നിലപാടുകള്‍ക്കും ദേശീയവാദ നയങ്ങള്‍ക്കും പേരുകേട്ട ഒലി, സ്ഥിരതയും സമൃദ്ധിയും വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയത്. എന്നാല്‍ വര്‍ധിച്ചുവരുന്ന അശാന്തിക്കും സ്വേച്ഛാധിപത്യ ആരോപണങ്ങള്‍ക്കും ഇടയിലാണ് അദ്ദേഹം പടിയിറങ്ങുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed