‘നീയൊക്കെ കടുവയെ പിടിച്ചിട്ട് പോയാമതി’; കടുവയ്ക്കുവെച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് ഗുണ്ടിൽ പേട്ടിലെ കർഷകർ.

ഗുണ്ടല്‍പേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കര്‍ഷകര്‍. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇത്തരത്തിലൊരു കടുംകൈക്ക് മുതിര്‍ന്നത്. ചൊവ്വാഴ്ച, ചമരജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിലായിരുന്നു സംഭവം.

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ കന്നുകാലികളെ കൊല്ലുന്നത് പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇവയെ പിടികൂടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗരവമായി എടുത്തില്ലെന്ന്‌ ഇവര്‍ ആരോപിക്കുന്നു. ഒരു കൂട് സ്ഥാപിച്ചതല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് നടപടികളൊന്നും വനംവകുപ്പ് സ്വീകരിച്ചില്ലെന്നും അവര്‍ പറയുന്നു.

മൂന്ന് ദിവസം മുമ്പ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ ഒരു പശുക്കിടാവ് ചത്തിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. സ്ഥലത്തെ സ്ഥിതിവിവരങ്ങള്‍ പരിശോധിക്കാനായി ചൊവ്വാഴ്ച ബൊമ്മലാപുരയില്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് കര്‍ഷകര്‍ കടുവയെ കുടുക്കാന്‍ വെച്ച കൂട്ടില്‍ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് അവരെ കൂട്ടിലിട്ട് പൂട്ടിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.

വിവരമറിഞ്ഞ് ഗുണ്ടല്‍പേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂര്‍ എസിഎഫ് നവീന്‍ കുമാറും സ്ഥലത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി. മെരുക്കിയ ആനകളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. അതിനുശേഷമാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ തയ്യാറായത്.

കടുവയെ പിടികൂടാന്‍ ഇനിയും വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍, വകുപ്പിന്റെ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് കര്‍ഷക സംഘടനയായ റൈത്ത സംഘ നേതാവ് ഹൊന്നൂര്‍ പ്രകാശ് മുന്നറിയിപ്പ് നല്‍കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *