ഓണം വാരാഘോഷം; മാനന്തവാടിയിലും വിപുലമായ പരിപാടികൾ;മന്ത്രി ഒ.ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും.

മാനന്തവാടി: കേരള സര്‍ക്കാര്‍, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ഭരണകൂടം എന്നിവയുടെ നേത്യത്വത്തില്‍ വിവിധ ടൂറിസം സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ സെപ്റ്റംബര്‍ 7,8 തീയതികളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് ആറിന് മാനന്തവാടി പഴശ്ശി പാര്‍ക്ക് കേന്ദ്രത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കപ്പെടുന്നത്. 

മാനന്തവാടി പഴശ്ശി പാര്‍ക്ക് കേന്ദ്രത്തില്‍ ഞായറാഴ്ച പിന്നണി ഗായിക ചിത്ര അയ്യര്‍ നയിക്കുന്ന സംഗീത രാവ് അരങ്ങേറും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാനന്തവാടി നഗരസഭ കുടുംബശ്രീ അവതരിപ്പിക്കുന്ന  മെഗാ തിരുവാതിരയും തുടര്‍ന്ന് വൈകിട്ട് 6.30 മുതല്‍ വയലിന്‍ ഫ്യൂഷന്‍, മാജിക്ക് ഷോ, ചാക്യാര്‍ക്കൂത്ത്, മെന്റലിസം, വയനാട് സെവന്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും.

മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍  ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യപ്രഭാഷണം നടത്തും.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ അരുണ്‍ കുമാര്‍, സബ്ബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി മനോജ്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഡിടിപിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.വി സഹദേവന്‍, മാനന്തവാടി നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡോളി രഞ്ജിത്ത്, ടൂറിസം വികസന ഉപസമിതി മെമ്പര്‍ അലി ബ്രാന്‍, ഡി.ടി.പി.സി മാനേജര്‍ വി.ജെ ഷിജു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed