വയനാട് തിരുനെല്ലിയില്‍ ക്ഷേത്ര പരിസരത്ത് കവര്‍ച്ചാ ശ്രമം സ്ത്രീകള്‍ പിടിയില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതികൾ.

തിരുനെല്ലി: കര്‍ക്കടക വാവു ബലി കര്‍മ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍. അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമമാണ് പോലീസ് പൊളിച്ചടുക്കിയത്. ഒന്നര പവനോളം വരുന്ന സ്വര്‍ണമാലയാണ് ഇവര്‍ കവരാന്‍ ശ്രമിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇവര്‍ക്ക് തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിലും ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലും മോഷണക്കേസുകളുണ്ട്. പല പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ്. പോലീസിന്റെ കൃത്യമായ ഇടപെടലുണ്ടാവുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. പല പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ മറ്റു സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടോയെന്നും കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed