ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം നീക്കാൻ എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ! കർണാടക കേരള സർക്കാരുകൾ കൈ കോർത്താൽ വികസനക്കുതിപ്പ്
ഇരു സംസ്ഥാനത്തും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് നിലവിൽ ഭരണത്തിലുള്ളത്. നിരോധനകാര്യത്തിൽ തീരുമാനമെടുക്കാൻ ഇരു സർക്കാരുകൾക്കും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
കൽപ്പറ്റ: മലബാറിൻ്റെ വികസനത്തിന് കുതിപ്പേകാൻ ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം നീക്കാനുള്ള സാധ്യതകൾ തെളിയുന്നു. കേരളത്തിലും കർണാടകയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരായതിനാൽ ഇരു ഗവൺമെൻ്റും കൈ കോർത്താൽ പരിഹാരം ഉണ്ടായേക്കും. എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ നിർമിച്ചാൽ വനത്തിലൂടെയുള്ള യാത്രയ്ക്ക് തടസ്സമുണ്ടാകില്ല.
കഴിഞ്ഞദിവസം കോഴിക്കോട് എംപി എംകെ രാഘവൻ കർണാടക ഡികെ മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. മധ്യപ്രദേശിലെ പെഞ്ച്-കൻഹ നാഷണൽ പാർക്കിലുള്ള എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോറോ ഇക്കോ സെൻസിറ്റിവ് എലെവേറ്റഡ് ഹൈവേയോ നിർമിച്ച് പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന നിർദേശമാണ് എംകെ രാഘവൻ ശിവകുമാറിന് മുന്നിൽ വെച്ചത്.
എന്താണ് എലെവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോറോർ?
വന്യജീവികളുടെ ജീവനും യാതൊരു അപകടമുണ്ടക്കാത്ത തരത്തിലാണ് ഇത്തരം പാതകൾ നിർമിക്കുക. വന്യമൃഗങ്ങളുടെ പ്രധാന സഞ്ചാരപഥങ്ങൾ വരുന്ന ഭാഗങ്ങളിൽ എലെവേറ്റഡ് പാതയാകും ഉണ്ടാവുക. മൃഗങ്ങൾക്ക് റോഡിന് അടിയിലൂടെ യാതൊരു തടസ്സവുമില്ലാതെ കാടിൻ്റെ ഒരു ഭാഗത്തുനിന്ന് മറുഭാഗത്തേക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും.
വാഹനങ്ങളുടെ പ്രകാശവും ശബ്ദവും കാട്ടിലേക്ക് നേരിട്ട് എത്താതിരിക്കാൻ ഇത്തരം പാലത്തിൻ്റെ ഇരുവശങ്ങളിലും പ്രത്യേക സംവിധാനവും സ്ഥാപിക്കും. മധ്യപ്രദേശിൽ ദേശീയപാത 44 പെഞ്ച് കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഇത്തരത്തിൽ നിർമിച്ച എലിവേറ്റഡ് പാത വിജയകരമായ മാതൃകയാണ്. ഇത് പൂർത്തിയായതോടെ മൃഗങ്ങൾ റോഡപകടങ്ങളിൽ പെടുന്നത് പൂർണ്ണമായി അവസാനിച്ചിരുന്നു. ഇത് ബന്ദിപ്പൂരിലും നടപ്പാക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.
വന്യജീവികളുടെ ജീവനും ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന എംകെ രാഘവൻ എംപിയുടെ ആവശ്യത്തോട് അനുഭാവപൂർവമാണ് കർണാടകയിലെ പുതിയ മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയത്തിൽ ഇടപെടുമെന്നും സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യുമെന്നും ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

