പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ വിവിധ ആദിവാസി ദളിത് സംഘടനകകളുടെ തീരുമാനം. മാനന്തവാടിയിൽ മണിക്കുട്ടൻ പണിയൻ സ്ഥാനാർഥി ആയേക്കും.

കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി-ദളിത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുള്ള, പണിയ സമുദായത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് വയനാട് ജില്ല, ആദിവാസി കൂട്ടായ്മയുടെ നേതാക്കൾ പ്രസ്താവിച്ചു.

22 നു മാനന്തവാടിയിൽ ചേരുന്ന വിപുലമായ ആദിവാസി കൂട്ടായ്മയുടെ കൺവൻഷനിൽ സ്ഥാനാർഥി നിർണയവും പ്രഖ്യാപനവുമുണ്ടാകും , പണിയ അടിയ , ഊരാളി , കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുള്ള വിദ്യാ സമ്പന്നരായ യുവതീ -യുവാക്കളിൽ നിന്നും യോഗ്യരായ സ്ഥാനാർത്ഥിയെ കണ്ടെത്തും,

ആദിവാസി വനിതാ പ്രസ്ഥാനം,ആദിവാസി ഗോത്ര മഹാസഭ, പണിയ സമാജം, കാട്ടുനായകൻ-അടിയൻ-പണിയൻ-വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി, ആദിവാസി ക്ഷേമ സംഘം,ആദിശക്തി സമ്മർ സ്കൂൾ, മുത്തങ്ങ പുനരധിവാസ സമിതി,വിവിധ പണിയ സമുദായ സംഘടനകൾ, പട്ടികജാതി സമാജ കൂട്ടായ്മ,അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ നിരവധി ആദിവാസി-ദളിത് പ്രസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. നാളിതുവരെ ജനാധിപത്യ-രാഷ്ട്രീയ മണ്ഡലങ്ങളിലെ പദ്ധതികളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെട്ട വിഭാഗമാണ് പണിയർ, അടിയർ, കാട്ടുനായ്ക്കർ, വേട്ടക്കുറുമർ തുടങ്ങിയവർ.

വയനാട് ജില്ലയിൽ രണ്ട് സംവരണ മണ്ഡലങ്ങൾ ഉണ്ടെങ്കിലും വളർച്ച നേടിയ ചില സമുദായങ്ങൾ മാത്രം നിയമസഭയിൽ ഉണ്ടായാൽ മതിയെന്നാണ് ഇടത്-വലത് മുന്നണികൾ കരുതുന്നത്. പണിയ-അടിയ-കാട്ടുനായ്ക്ക-വേട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളെ മുഖ്യ ധ്രാ രാഷ്ട്രീയ പാർട്ടികളും , മുന്നണികളായും അവഗണിക്കുകയാണ്

ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ഈ വിവേചനം തുടരുന്നതായും നേതാക്കൾ ആരോപിച്ചു

ദളിത്-ആദിവാസി പ്രവർത്തകരെ കേരളത്തിൽ പൊതുവിൽ മാറ്റിനിർത്തുന്നത് എൽ ഡി എഫ് -യു ഡി എഫ് തുടരുകയാണ് . ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പരിഗണനയിൽ പ്രമുഖ ദളിത് നേതാക്കൾ അവഗണിക്കപ്പെടുന്നു എന്നത് ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. മേൽപ്പറഞ്ഞ അവഗണന പ്രശ്നം മാത്രമല്ല വയനാട്ടിൽ ഉള്ളത്. ജന്മിത്ത കാലഘട്ടത്തിലെ അടിമത്വത്തിന്റെ തുടർച്ചയായി രാഷ്ട്രീയ പ്രാതിനിധ്യത്തിൽ അടിമത്വവും, വംശീയതയും നിലനിർത്തുന്നു എന്നതാണ്. പ്രാതിനിത്യത്തേക്കാൾ ഉപരി രാഷ്ട്രീയത്തിൽ തുടരുന്ന വംശീയത അവസാനിപ്പിക്കുന്നതിന് കൂടിയാണ് പണിയ സമുദായത്തിലെ വിദ്യാസമ്പന്നരായവരെ പരിഗണിക്കേണ്ടതെന്ന് യു ഡി എഫ് ൻ്റെ നേതൃത്വങ്ങളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. അതിപിന്നോക്കരായ ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിത്യത്തിന്റെ ആവശ്യം കത്തുകളിലൂടെ രാഹുൽ ഗാന്ധിയെയും , പ്രിയങ്ക ഗാന്ധിയെയും അറിയിച്ചിരുന്നു . എന്നാൽ വർഷങ്ങളായി തുടരുന്ന മനോഭാവത്തിൽ നിന്നും യാതൊരു മാറ്റത്തിനും രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് സ്വതന്ത്രമായി മത്സരിക്കുന്നത്.

നിയമസഭയിലെ രാഷ്ട്രീയ ഇടപെടൽ അടുത്ത ലോകസഭ തെരഞ്ഞെടുപ്പിലും തുടരും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ മണ്ഡലത്തിലെ നീതി നിഷേധം ദേശീയതലത്തിൽ തുറന്നു കാണിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പത്ര സമ്മേളനത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
എം.ഗീതാനന്ദൻ, മണിക്കുട്ടൻ പണിയൻ, ഡോ.അമ്മിണി.കെ.വയനാട്, കമല ഏച്ചോം, മണികണ്ഠൻ.സി,വേലായുധൻ,സുരേഷ് മുണ്ടക്കൊല്ലി,വേലായുധൻ ചീരാൽ, അശോക് കുമാർ മുത്തങ്ങ, സുരേഷ്,നിഷ, ഗിരീഷ് പനങ്കണ്ടി,രാമചന്ദ്രൻ പഴുപത്തൂർ,അപ്പു.സി,രേഷ്മ കെ.ആർ,അഞ്ചു,മത്തായി നെടിയാനികുഴി എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed