പച്ചപ്പിന്റെയും വിനോദസഞ്ചാരത്തിന്റെയും നാടായ വയനാട് ഇന്ന് വന്യജീവി ആക്രമണങ്ങളുടെ ഭീതിയിലാണ്. കാടിറങ്ങുന്ന കടുവയും പുലിയും ആനയും ജനവാസ മേഖലകളിൽ വിഹരിക്കുമ്പോൾ, സ്വന്തം വീട്ടുമുറ്റത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ് വയനാട്ടിലെ ജനങ്ങൾ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന ആക്ഷേപം ജില്ലയിൽ ശക്തമാവുകയാണ്.
ടൗൺ മേഖലകളിൽ പോലും കടുവയും പുലിയും
ഒരുകാലത്ത് കാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വന്യജീവി സാന്നിധ്യം ഇന്ന് പ്രധാന ടൗണുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. പുലർച്ചെയും രാത്രിയിലും മാത്രമല്ല, പട്ടാപ്പകൽ പോലും കടുവയെയും പുലിയെയും കണ്ട സംഭവങ്ങൾ നിരവധിയാണ്. ഇത് വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
തകരുന്ന കാർഷിക മേഖല
ജനങ്ങളുടെ ജീവന് പുറമെ, കർഷകരുടെ ഉപജീവനമാർഗ്ഗമായ വളർത്തുമൃഗങ്ങൾക്കും വന്യജീവികൾ വലിയ ഭീഷണിയാകുന്നു. തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുക്കളെയും ആടുകളെയും കടുവ പിടിക്കുന്നത് നിത്യസംഭവമായി മാറി. ലക്ഷങ്ങൾ കടമെടുത്ത് വാങ്ങിയ മൃഗങ്ങൾ കൊല്ലപ്പെടുമ്പോൾ കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരമാകട്ടെ തുച്ഛവുമാണ്. വന്യജീവി ശല്യം കാരണം പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
സർക്കാർ പരാജയമോ?
വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച ഫെൻസിംഗുകളും ആനമതിലുകളും പലയിടത്തും തകർന്നു കിടക്കുകയാണ്.കടുവയുടെയും പുലിയുടെയും സാന്നിധ്യം കൃത്യമായി മനസ്സിലാക്കാൻ ആവശ്യമായ ക്യാമറകളോ അത്യാധുനിക ഡ്രോൺ സംവിധാനങ്ങളോ പല റേഞ്ചുകളിലും ഇല്ല. കൂടുതൽ ആർ.ആർ.ടി ടീമുകളെ വയനാട്ടിൽ വിന്യസിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇപ്പോഴും പൂർണ്ണമായി നടപ്പായിട്ടില്ല.
വന്യജീവികൾ കാടിറങ്ങാനുള്ള പ്രധാന കാരണം കാടിനുള്ളിലെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കുറവാണ്. ഇത് കാടിനുള്ളിൽ തന്നെ പരിഹരിക്കാനുള്ള നടപടികൾ വേണം. മഞ്ഞക്കൊന്ന (Senna spectabilis) പോലുള്ള സസ്യങ്ങൾ പടർന്നു പന്തലിക്കുന്നത് കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു. ഇത് നീക്കം ചെയ്ത് സ്വാഭാവിക വനം പുനഃസ്ഥാപിക്കണം. സെൻസറുകൾ ഘടിപ്പിച്ച വേലികൾ, സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ എന്നിവ അതിർത്തികളിൽ സ്ഥാപിക്കണം.സ്വകാര്യ എസ്റ്റേറ്റുകളിലെയും തോട്ടങ്ങളിലെയും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങൾ തെളിക്കാൻ ഉടമകൾക്ക് കർശന നിർദ്ദേശം നൽകണം.
നിശ്ചിത പ്രദേശത്ത് ഉൾക്കൊള്ളാവുന്നതിലധികം വന്യജീവികൾ ഉണ്ടോ എന്ന് പഠനം നടത്തുകയും ശാസ്ത്രീയമായ രീതിയിൽ അവയെ നിയന്ത്രിക്കുകയും വേണം.
വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. വന്യജീവിയെയും മനുഷ്യനെയും ഒരുപോലെ കാണുന്ന നയങ്ങൾ മാറ്റിനിർത്തി, മനുഷ്യജീവന് പ്രാധാന്യം നൽകുന്ന സുരക്ഷാ ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

