തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വാർത്ത പ്രസിദ്ധീകരിച്ച് മാതൃഭൂമി ദിനപത്രത്തിന് തിരിച്ചടിയായി കോടതി വിധി. അദ്ദേഹത്തിനെതിരെ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകൾ നീക്കം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. എൻ. പ്രശാന്ത് പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതല വഹിച്ചിരുന്ന സമയത്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്നും, ‘ഉന്നതി’ (കേരള എംപവർമെൻറ് സൊസൈറ്റി) യുടെ ഫയലുകൾ കാണാനില്ലെന്നും, അവ പുതിയ സി.ഇ.ഒ ഗോപാലകൃഷ്ണന് കൈമാറിയില്ലെന്നും മറ്റും ഡോ എ.ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ ഉണ്ടെന്നായിരുന്നു വാർത്ത. ഇതിനെതിരെയാണ് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് കോടതിയെ സമീപിച്ചത്.
വ്യാജമായ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പ്രശാന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിലാണ് പ്രശാന്തിന് അനുകൂലമായി ഇടക്കാല വിധിയുണ്ടായിരിക്കുന്നത്.
കേസ് ഫയലിൽ സ്വീകരിച്ച കോടതി പ്രതികളായ മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത്, പത്രാധിപർ മനോജ് കെ.ദാസ്, പ്രസാധകൻ പി.വി.നിധീഷ്, മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ എന്നിവർക്ക് കോടതിയിൽ ഹാജരാകുന്നതിന് സമൻസ് അയക്കാൻ ഉത്തരവായിട്ടുണ്ട്. കൂടാതെ പ്രതികൾ ഈ വാർത്തകൾ പുനഃപ്രസിദ്ധീകരിക്കരുതെന്നും അവരുടെ വെബ്‌സൈറ്റ്, ഇ-പേപ്പർ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിൽ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
അപകീർത്തികരമായ വാർത്തകളുടെ ഉള്ളടക്കം വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പത്രം അവകാശപ്പെട്ടിരുന്നു.
എന്നാൽ, നടപടിക്രമം ഒന്നും പാലിക്കാതെ ഗൂഢാലോചന നടത്തി അനധികൃതമായി തയ്യാറാക്കിയതാണ് റിപ്പോർട്ട്. അത്തരം റിപ്പോർട്ടുകളുടെ സൃഷ്ടി ഡോ. എ. ജയതിലകിനും ഈ റിപ്പോർട്ടുകൾ ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിക്കും മാത്രമേ അറിയാമായിരുന്നുള്ളൂ, പ്രതികൾ സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത അപകീർത്തികരമായ റിപ്പോർട്ട് ലഭിച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ വിവരങ്ങൾ വാർത്തയിൽ രഹസ്യമാക്കി വെച്ചു. നിയമപരമായ യാതൊരു അധികാരമോ പിൻബലമോ ഇല്ലാതെ ഡോ.എ. ജയതിലകിന്റെ മാത്രം അറിവിൽ സൃഷ്ടിക്കപ്പെട്ട ഒരു റിപ്പോർട്ടിനായി വിവരാവകാശ അപേക്ഷ നൽകിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന വെളിപ്പെടുത്തുന്നതായി കോടതിയിൽ സമർപ്പിച്ച അന്യായത്തിൽ വ്യക്തമാക്കുന്നു.
ഈ വാർത്തക്ക് അടിസ്ഥാനമായ റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റും ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ചതുമാണെന്ന് പ്രതികൾക്ക് പൂർണ്ണമായി അറിയാമായിരുന്നിട്ടും അവർ അത് പ്രസിദ്ധീകരിച്ചു എന്നത് അന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾ പ്രസിദ്ധീകരിച്ച വാർത്തയുടെ ഉള്ളടക്കം പൂർണ്ണമായും തെറ്റാണെന്ന് ദിവസങ്ങൾക്കുശേഷം മറ്റ് മാധ്യമങ്ങളിലൂടെ വ്യക്തമായിട്ടും, അപകീർത്തികരമായ വാർത്ത പിൻവലിക്കാൻ പ്രതികൾ തയ്യാറായില്ല. പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ തന്നെ പരസ്യമായി അപകീർത്തിപ്പെടുത്താനുള്ള അവരുടെ ദുഷ്ടലാക്കിനെ കൂടുതൽ സ്ഥിരീകരിക്കുകയും പ്രതികളുടെ പ്രവൃത്തികൾ മനഃപൂർവ്വമായിരുന്നു എന്ന് തെളിയിക്കുകയും ചെയ്യുന്നു എന്ന് അന്യായത്തിൽ പറയുന്നുണ്ട്. പ്രശാന്തിനുവേണ്ടി വേണ്ടി അഡ്വ ബോറിസ് പോൾ, അഡ്വ.സാജൻ സേവ്യർ, അഡ്വ മനോജ് ശ്രീധർ എന്നിവരാണ് കോടതിയിൽ ഹാജരായത്
