കൊച്ചി: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ 263 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കരയിലെ കോളേജ് വിദ്യാര്‍ഥികളടക്കം വന്‍ തട്ടിപ്പ് സംഘമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവരെയും എടിഎം കാര്‍ഡു വഴി പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് കൊടുത്തവരെയും വില്‍പ്പന നടത്തിയവരെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് സംഘടിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ സൈഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട് 382 കേസുകളാണ് സംസ്ഥാന വ്യാപകമായി രജിസ്റ്റര്‍ ചെയ്തത്.
ഓപ്പറേഷന്‍ സൈ-ഹണ്ട്, കൊച്ചിയില്‍ പിടിയിലായവരില്‍ വിദ്യാര്‍ഥികളും
സംസ്ഥാന വ്യാപക റെയ്ഡിനിടെ കൊച്ചിയില്‍ നിന്ന് തൃക്കാക്കരയിലെ കോളേജ് വിദ്യാര്‍ഥികളടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ പിടിയിലായ അഭിഷേക്, ഹാഫീസ്, അല്‍ത്താഫ് തുടങ്ങിയ വിദ്യാര്‍ഥികള്‍ വിവിധ അക്കൗണ്ടില്‍ നിന്നും ആറ് ലക്ഷത്തോളം രൂപ പിന്‍വലിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘം പ്രധാനമായും മ്യൂള്‍ അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്. കൂടാതെ സഹപാഠികളുടെ അക്കൗണ്ടുകള്‍ വാടകക്കെടുത്തിരുന്നു.
ഗെയിമിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ നിരന്തരം ട്രാന്‍സാക്ഷന്‍സ് നടക്കുന്നുണ്ടെന്നും ലിമിറ്റ് കഴിഞ്ഞതിനാല്‍ വേറെ അക്കൗണ്ടുകള്‍ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് ഇവര്‍ മറ്റ് വിദ്യാര്‍ഥികളുടെ അക്കൗണ്ടുകള്‍ കൈക്കലാക്കിയിരുന്നത്. ഈ അക്കൗണ്ടുകളിലേക്ക് വരുന്ന പണം വിദ്യാര്‍ഥികള്‍ എടുത്ത് നല്‍കുമ്പോള്‍ ചെറിയ തുക കമ്മിഷനായി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരത്തില്‍ വലിയ തട്ടിപ്പ് നടന്നുവരുന്നതായാണ് വിവരം. അതേസമയം, സംഘം പോലീസ് പിടിയിലായ വ്യാഴാഴ്ച ദിവസം മാത്രം ഉച്ചവരെ ആറ് ലക്ഷത്തോളം രൂപ വിവിധ അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ചതായാണ് വിവരം.
എന്താണ് മ്യൂള്‍ അക്കൗണ്ട്?
അനധികൃതമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളാണിത്. വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുകയും അവരുടെ ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പുകാര്‍ അനധികൃത പണം കടത്തുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം വാങ്ങാതെ, മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കടത്തുന്നത്. ഇത്തരം ഇടപാടുകള്‍ വഴി പണം കടത്തുന്നവര്‍ തന്നെ നിയമപരമായി ”മണി മ്യൂള്‍” ആയി കണക്കാക്കപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആകര്‍ഷകമായ ഓഫറുകളില്‍ ഉദ്യോഗാര്‍ഥികളും വീട്ടമ്മമാരുമെല്ലാം കുടുങ്ങിപ്പോവുകയാണ് ചെയ്യുന്നത്.
വലയിൽ വീഴ്ത്താൻ ആകര്‍ഷകമായ ഓഫറുകള്‍
- ഓണ്‍ലൈനില്‍ വീട്ടിലിരുന്ന് വരുമാനം, ഡാറ്റാ എന്‍ട്രി ജോബ്, ഫോണ്‍ വഴി എളുപ്പം പണം തുടങ്ങിയ പരസ്യങ്ങളിലൂടെ ആളുകളെ വലയിലാക്കുന്നു.
- ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കു- ഇത് സാധാരണയായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടാകില്ല. ‘എപികെ’ ഫയൽ ആയി അയക്കും.
- ബാങ്ക് ഡീറ്റെയില്‍സ് ചോദിക്കും- പണം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് എന്ന പേരില്‍ അക്കൗണ്ട് നമ്പര്‍, യുപിഐ, ഐഡി, ഒടിപി തുടങ്ങിയവ ചോദിക്കും.
- മൂല്യം കിട്ടാതെ പണം കടത്തല്‍- ആ അക്കൗണ്ട് വഴിയായി അനധികൃത പണം (സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ലഭിച്ചത്) കടത്തും. അങ്ങനെ ആ വ്യക്തി ”മണി മ്യൂള്‍” അഥവാ തട്ടിപ്പുകാരുടെ ഇടനിലക്കാരന്‍ ആയി മാറുകയും ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും അറസ്റ്റിലേക്ക്
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഇവര്‍ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ അതത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകും.
കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെയും റേഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തിലായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 125 പേര്‍ക്ക് നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയക്കുകയും ചെയ്തു. തങ്ങളുടെ അറിവില്ലാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകള്‍, ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടുകളില്‍ പണം അയച്ചു കിട്ടിയവര്‍, സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ട ആള്‍ക്കാര്‍ എന്നിവരെയാണ് നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചിട്ടുള്ളത്.

