ദാഹിച്ചു വലഞ്ഞ് ഗാസ; ഉപ്പുവെള്ളം കുടിച്ച് ജനങ്ങൾ,ഗാസയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുന്നു.

ഗാസ: ഗാസയിൽ കടുത്ത ശുദ്ധജല ദൗർലഭ്യം. ഇസ്രായേൽ ആക്രമണങ്ങൾ ഗാസയിലെ ജലവിതരണ ശൃംഖലയുടെ 80 ശതമാനത്തിലധികവും തകരാറിലാക്കിയിരിക്കുകയാണ്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗാസയിൽ ജലക്ഷാമം രൂക്ഷമായിരുന്നു. ഏകദേശം 22 മാസത്തെ ഇസ്രായേൽ ബോംബാക്രമണത്തിൽ 80 ശതമാനത്തിലധികം ജലവിതരണ സൗകര്യങ്ങളും തകർന്നു.

വെള്ള ടാങ്കറുകൾ ഇടയ്ക്കിടെ താമസക്കാർക്ക് വെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ ഇത് പര്യാപ്തമല്ല. എൻ‌ജി‌ഒകൾ ക്യാമ്പുകളിൽ ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലും ഭാഗ്യമുള്ളവർക്ക് വെള്ളം കിട്ടും എന്നതാണ് സ്ഥിതി. സംഘർഷത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ ഗാസയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയിരുന്നു. പിന്നീട് വടക്കൻ ഗാസയിലെ ചില പ്രധാന പൈപ്പുകൾ മെക്കോറോട്ട് എന്ന ഇസ്രായേലി കമ്പനിയുമായി ബന്ധിപ്പിച്ചു. ഇതുവഴി ഇപ്പോൾ വെള്ളം ലഭ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.

സഘർഷം തുടങ്ങുന്നതിനു മുമ്പ് ധാരാളം കിണറുകൾ മേഖലയിലുണ്ടായിരുന്നു. ഈ കിണറുകളെല്ലാം ബോംബാക്രമണങ്ങൾക്കു ശേഷം മലിനജലം കലർന്ന് ഉപയോഗശൂന്യമായി. പല കിണറുകളും സൈനിക മേഖലയിലായതിനാൽ ആളുകൾക്ക് അവിടെയെത്താൻ കഴിയുകയുമില്ല. കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ലഭ്യമല്ല. ഇസ്രായേൽ ഗാസയിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ജനറേറ്ററുകൾ ഉപയോഗിച്ച് പമ്പുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനവും ലഭ്യമല്ല. നിലവിൽ ഇന്ധനം അടിയന്തിരാവശ്യമായ ആശുപത്രികൾക്കു വേണ്ടി പോകുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *