മുംബൈ : കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് ഭീമൻമാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ജീവനക്കാരെ രണ്ട് ശതമാനത്തോളം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് വിവരം. തീരുമാനം പ്രാവർത്തികമാക്കുന്നതോടെ 2026 സാമ്പത്തിക വർഷത്തിനുള്ളിൽ 12,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. ജോലി കുറയ്ക്കുന്നത് മിഡിൽ, സീനിയർ മാനേജ്‌മെന്റിനെ ബാധിക്കുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എഐ സാങ്കേതികതയെ കൂടുതൽ ഇടങ്ങളിലേക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങൾ ആന്തരികമായുള്ള മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ടിസിഎസ് സിഇഒ കെ കൃതിവാസൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് എഐ പോലുള്ള സാങ്കേതികതയെ വലിയ തോതിൽ വിന്യസിക്കുകയും ഭാവിയിലേക്ക് സജ്ജമാകണമെന്ന് കൃതിവാസൻ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജീവനക്കാരുടെ വികസനത്തിലും തൊഴിൽ അവസരങ്ങളിലും ഗണ്യമായ നിക്ഷേപം നടത്തിയിട്ടും ഫലപ്രദമല്ലാത്ത ചില തസ്തികകൾ ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇത് തൊഴിലാളികളുടെ എണ്ണത്തിന്റെ ഏകദേശം 2 ശതമാനം വരുമെന്നും സിഇഒ അഭിമുഖത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് ലക്ഷത്തിലധികം ജീവനക്കാരാണ് ടി സി എസിലുള്ളത്.

